അലംകൃതയുടെ പുതിയ കഥയുമായി സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയതാരമായ പൃഥ്വിരാജിന്റേയും സുപ്രിയയുടെയും മകളായ അലംകൃത തന്റെ നോട്ടുബുക്കിൽ കുറിച്ച ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. അല്ലി എന്ന് ഓമനപ്പേരുള്ള അലംകൃത, അച്ഛനെയും അമ്മയെയും പോലെ ചെറുപ്രായത്തിൽ തന്നെ കലാപരമായ പല കഴിവുകളും പ്രദർശിപ്പിക്കുന്ന കുട്ടിയാണ്.

പഫി എന്ന് പേരുള്ള ഒരു പട്ടിക്കുട്ടിയുടെ കഥയാണ് അല്ലി നോട്ബുക്കിൽ എഴുതിയിരിക്കുന്നത്. രണ്ട് പേജുള്ള കഥയിൽ പഫി എന്ന ഗോൾഡൻ റിട്രൈവർ തെരുവിൽ അലഞ്ഞുനടക്കുന്ന ഒരു പൂച്ചയുമായി കൂട്ടുകൂടുന്നതും, ഫ്ലഫിയെ വളർത്തുന്ന സ്ത്രീ ആ പൂച്ചയെ കൂടി ദത്തെടുക്കുന്നതുമാണ് കഥ. പട്ടിയും പൂച്ചയും ശത്രുക്കളാണ് എന്നുള്ള വിശ്വാസത്തെ കുറിച്ചാണ് കഥ എന്ന് അലംകൃത കഥയുടെ അവസാനം കുറിക്കുകയും ചെയ്തിട്ടുണ്ട്.

പൃഥ്വിരാജ്ഉം സുപ്രിയയും നിരന്തരം സാമൂഹ്യ മാധ്യമങ്ങളിൽ അലംകൃതയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുഞ്ഞുങ്ങൾക്ക് വായിക്കാൻ നൽകേണ്ട പുസ്തകങ്ങൾ അങ്ങനെ പല കാര്യങ്ങളും സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യാറുണ്ട്. അലിയുടെ പുതിയ കഥ ഇത്തരത്തിൽ നിരന്തരമായ വായനയുടെ ഫലമാണ് എന്നാണ് ആരാധകർ പറയുന്നത്.


തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു പട്ടിയോട് അല്ലി കൂട്ടായി വരുന്നു എന്ന ക്യാപ്ഷ്യനോടെയാണ് അലംകൃതയുടെ പുതിയ കഥ, സുപ്രിയ പങ്കുവച്ചിരിക്കുന്നത്. വളർന്നുവരുന്ന എഴുത്തുകാരി എന്ന് സുപ്രിയ മകളെ വിശേഷിപ്പിക്കുന്നുണ്ട്. അല്ലിയിലുള്ള അഭിമാനവും ‘പ്രൗഡ് മം’ എന്ന ഹാഷ്ടാഗിൽ ചേർത്തിട്ടുണ്ട്.

പല അഭിമുഖങ്ങളിലും അലംകൃതയുടെ സ്വകാര്യത ഇല്ലാതാവുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യില്ല എന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റു പല താരങ്ങളുടെയും മക്കളെ പോലെ മീഡിയയിൽ അലംകൃത അധികം വരാറില്ല. ഇത്തരത്തിൽ അമ്മയും അച്ഛനും പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളിലൂടെയാണ് ആരാധകർക്ക് അലംകൃതയെ പരിചയം.