ആസിഫ് അലിയുടെ മാലാഖ കുട്ടിക്ക് അഞ്ചാം പിറന്നാൾ; ജന്മദിനം ആഘോഷമാക്കി ആസിഫ് അലിയും കുടുംബവും… | Asif Ali Daughter Haya Turns Five

Asif Ali Daughter Haya Turns Five : നടൻ ആസിഫ് അലിയുടെ മകൾ ഹയയുടെ അഞ്ചാം പിറന്നാളായിരുന്നു ഇന്നലെ. ഇപ്പോഴിതാ പിറന്നാളാഘോഷങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ആസിഫ് അലിയുടെ ഭാര്യ സമ. ‘ഹാപ്പി ബർത്ത് ഡെ ഹയമ്മ’ എന്ന കുറിപ്പിനൊപ്പമാണ് കുടുംബവുമൊത്തുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇന്നലെ മകൾക്ക് ജൻമദിനാശംസകൾ നേർന്ന് ഇവർ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ പിറന്നാൾ ആശംസകൾ അറിയിച്ചത്.

ഹയയുടെ കഴിഞ്ഞ പിറന്നാൾ കോവിഡ് കാലത്തായിരുന്നു. അന്ന് മകൾക്കായി ഒരു ബേക്ക് ഹൗസ് തന്നെയൊരുക്കി ആഘോഷിച്ചിരുന്നു. ആസിഫും ഭാര്യ സമയും മകൻ ആദവും ഹയയും വീട്ടിലുള്ള മറ്റെല്ലാ അംഗങ്ങളും പിറന്നാൾ ദിനത്തിൽ ബേക്ക് ഹൗസിലെ ജീവനക്കാരായി ഒരുങ്ങിയാണ് എത്തിയത്. ഷെഫിനെപ്പോലെ ഏപ്രണും തൊപ്പിയുമണിഞ്ഞ് ‘ഹയാസ് ബേക്ക് ഹൗസി’ന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് സമ അന്ന് പങ്കുവച്ചത്.

ഹയയുടെ മൂന്നാം പിറന്നാളിന് വികാരാധീനമായ ചിത്രങ്ങൾ ആസിഫ് അലി പങ്കുവെച്ചിരുന്നു. മകളുടെ മുടികെട്ടിക്കൊടുക്കുന്ന ചിത്രമാണ് അന്ന് പങ്കുവച്ചത്. ഇത്രയും വേഗം വളരല്ലേ മോളേ എന്ന ക്യാപ്‌ഷനോട് കൂടിയാണ് ആസിഫ് ആ ചിത്രം പങ്കുവെച്ചത്. ഒപ്പം മകനും മകളും കേക്കിന് മുന്നില്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ”എന്‍റെ സ്നേഹത്തിന് ജന്മദിനാശംസകള്‍. ഇവിടെ എന്നും ഞാനുണ്ടാകും. ഇത്രയും വേഗം വളരല്ലേ മോളേ.

ഡാഡിക്ക് ഈ ചെറിയ കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താനാവില്ല” ഇങ്ങനെയാണ് അന്ന് ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. 2013ലാണ് ആസിഫ് അലി സമ മസ്റീനെ വിവാഹം കഴിച്ചത്. മക്കളോട് എല്ലാ അച്ഛനമ്മമാരെയും പോലെ വൻ വാത്സല്യമാണ് ആസിഫ് അലിക്കും. എല്ലാ പരിപാടികളിലും ആസിഫിനൊപ്പം കുഞ്ഞുങ്ങളേയും കാണാറുണ്ട്. ആദം പലപ്പോഴും അല്പം നാണം കുണുങ്ങിയായാണ് കാണപ്പെടാറുള്ളത്. ആദം വാപ്പയ്ക്കു പിന്നിലൊളിക്കുമെങ്കിലും ഹയക്കുട്ടി മിക്കപ്പോഴും സദസിനെ കൈയ്യിലെടുക്കുകയാണ് ചെയ്യാറുള്ളത്.