മരയ്ക്കാർക്കൊപ്പം മുട്ടി നിൽക്കാൻ കാവലൻ ആകുമോ.. തമ്പാന് സാധിക്കുമെന്ന്: ജോബി ജോർജിന്റെ മറുപടി ഏറ്റെടുത്ത് ആരാധകർ

നീണ്ട ഇടവേളയ്ക്കു ശേഷം തിയേറ്ററുകളിലെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ. നിതിൻ രഞ്ജി പണിക്കറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഇപ്പോഴെ ആരാധകർ ഏറെയാണ്. നവംബർ 25 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റർ ചെയ്തുകൊണ്ട് നിർമാതാവ് ജോബി ജോർജ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇതിനോടകം തന്നെ വൈറലായിരിക്കുന്നു ‘ഇത് തമ്പാൻ…സ്‌നേഹിക്കുന്നവർക്ക് കാവലാകുന്ന തമ്പാൻ നവംബർ 25 മുതൽ കാവൽ,’ എന്നായിരുന്നു കുറുപ്പിലെ വാചകം.

എന്നാൽ മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ കാവലിന്റെ റിലീസ് മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചിലർ പോസ്റ്റിന് എതിരായി രംഗത്തെത്തിയത്തോടെ മറുപടിയുമായി ജോബി ജോർജും എത്തി. ‘മോനെ ഞാൻ നേരത്തെ പ്ലാൻ ചെയ്തതാ, അത് മാത്രമല്ല പല കമ്മിറ്റ്‌സ്മെന്റ്‌സ് ഉണ്ട്. ദയവു ചെയ്ത് ഒന്നു മനസിലാക്കൂ’ എന്നായിരുന്നു ജോബിയുടെ മറുപടി.

മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം’ ആദ്യം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീയേറ്റർ ഉടമകളും മന്ത്രിയുമായുള്ള ചർച്ചയിൽ ചിത്രം തിയേറ്റർ റിലീസിന് പ്രഖ്യാപിക്കുകയായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ മരക്കാറിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ആമ്പിയർ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ? എന്നൊരു ആരാധകൻ്റെ ചോദ്യത്തിന് അതൊന്നും എനിക്കറിയില്ല.

ഞാൻ പണ്ട് പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ എന്നായിരുന്നു ജോബി ജോർജ് മറുപടി നൽകിയത്. എന്തായാലും നിർമ്മാതാവിന്റെ മറുപടി ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മരക്കാർക്കൊപ്പം തന്നെ കാവലിനും പിടിച്ചു നിൽക്കും എന്നാണ് ആരാധകരുടെ വിശ്വാസം. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ കാവൽ ഒരു ആക്ഷൻ ഫാമിലി ചിത്രമാണ്. തമ്പാൻ എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്.