പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹം കഴിക്കുമോ? മറുപടി പറഞ്ഞ് സംവിധായകൻ ജോണി ആന്റണി

മലയാള സിനിമ പ്രേക്ഷകരുടെ ഓൾടൈം ഫേവറൈറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന സിഐഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ജോണി ആന്റണി. 2003 മുതൽ സംവിധായകന്റെ റോളിൽ സജീവമായിരുന്ന ജോണി ആന്റണി, 2018-ൽ പുറത്തിറങ്ങിയ ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു.

പ്രണവ് മോഹൻലാൽ – കല്ല്യാണി പ്രിയദർശൻ കൂട്ടുകെട്ടിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലൂടെയാണ്‌ ജോണി ആന്റണി ഏറ്റവും ഒടുവിൽ ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ, കല്ല്യാണി അവതരിപ്പിച്ച നിത്യ എന്ന കഥാപാത്രത്തിന്റെ അച്ഛനായ ബാലഗോപാൽ എന്ന കഥാപാത്രത്തെയാണ്‌ ജോണി ആന്റണി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന്, അദ്ദേഹം പ്രേക്ഷകരുടെ കയ്യടിയും നേടിയിരുന്നു.

ഇപ്പോൾ, ബിഹൈൻഡ് വുഡ്സ്‌ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, അവതാരികയുടെ ചില ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ജോണി ആന്റണി. പ്രണവും കല്ല്യാണിയും റിയൽ ലൈഫിൽ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന്, “ഒരിക്കലും ഇല്ല” എന്നാണ് ജോണി ആന്റണി മറുപടി നൽകിയത്. “അവർ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണെന്നും, അവർ വിവാഹം കഴിക്കുമോ എന്നൊന്നും നോക്കിനടക്കുന്നത് ന്യൂജനറേഷൻ ആളുകൾക്ക് ചേർന്നതല്ല,” എന്നും ജോണി ആന്റണി പറഞ്ഞു.

ചെയ്ത സിനിമകളിൽ ഏതെങ്കിലും പിന്നീട് അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ എന്നും, പരാജയപ്പെടും എന്നുറപ്പുള്ള ചിത്രങ്ങളിൽ പണം മോഹിച്ച് അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യതിനും ജോണി ആന്റണി കൃത്യമായ മറുപടി നൽകി. “എന്നെ ആരും നിർബന്ധിച്ചു അഭിനയിപ്പിക്കുന്നതല്ല. എനിക്ക് ഇഷ്ടമുള്ളത് കൊണ്ടാണ് ഞാൻ അഭിനയിക്കുന്നത്. പിന്നീടത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നതിൽ അർത്ഥമില്ല. പിന്നെ, ഒരു സിനിമ തുടക്കത്തിൽ തന്നെ പരാജയപ്പെടും അറിയാമെങ്കിൽ, ഈ ലോകത്ത് ഒരു സിനിമ പോലും പരാജയപ്പെടില്ലായിരുന്നല്ലോ,” ജോണി ആന്റണി പറഞ്ഞു.