കാലാപാനി എന്ന സൂപ്പർഹിറ്റ് സിനിമ എങ്ങിനെ ഉണ്ടായി?

മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് തെളിയിച്ചിട്ടുള്ള സിനിമകളിലൊന്ന്, മലയാള റിലീസിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ സാധിക്കും എന്ന് ഇന്ത്യൻ സിനിമയ്ക്ക് കാണിച്ച് കൊടുത്ത സിനിമ കൂടിയാണ് പ്രിയദർശന്റെ കാലാപാനി…. മലയാള സിനിമ പ്രേക്ഷകർ മോഹൻലാലിനെ നായകനായി ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിട്ടുള്ളത്, ഇപ്പോഴും ആഗ്രഹിക്കുന്നതും പ്രിയദർശന്റെ സിനിമകളിലാണ്… പ്രിയദർശൻ സിനിമകളിലെ മോഹൻലാൽ, അത് മലയാളിക്ക് മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്, ഒരിക്കലും മലയാളിക്ക് മടുക്കാത്ത കാഴ്ചകളിലൊന്ന്. മോഹൻലാലിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്… ഗോവർദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്നേഹവും നിസ്സഹായതയും പ്രതികാരവും ഒക്കെ എത്ര സൂക്ഷമതയോടെയാണ്, എത്ര മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്…

മലയാള സിനിമയില്‍ പ്രേക്ഷകരെ വളരെയധികം ത്രില്ലടിപ്പിക്കുന്ന സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍ പ്രേക്ഷകർക്ക് എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം, അതിലുപരി മോഹൻലാല്‍ എന്ന നടനെ പേക്ഷകർക്ക് തിരശ്ശീലയിൽ എങ്ങനെ കാണാനാണ് ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ. കാലാപാനിയിൽ ഒട്ടനവധി ഹൃദയസ്പർശിയായ മികച്ച രംഗങ്ങളുണ്ട്… ”an Indians back is not a foot board” എന്ന് ഗോവർദ്ധൻ കളക്ടർ സായിപ്പിനോട് പറയുന്ന രംഗത്തിനാണ് തിയേറ്ററിൽ ഏറ്റവും കൈയ്യടി കിട്ടിയത്… ചെമ്പൂവേ ഗാനരംഗം, ഗോവർദ്ധനെ പോലീസ് ട്രെയിനിൽ കൊണ്ട് പോകുമ്പോൾ പാർവതി ട്രെയിനിന്റെ ജനലഴികളിൽ പിടിച്ച് കരയുന്ന രംഗത്തിൽ തബ്ബു എത്ര മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്…

മിർസ ഖാന്റെ ഷൂ കൈ കൊണ്ട് വൃത്തിയാക്കാൻ ഗോവർദ്ധൻ വരുന്നതും, കൈ കൊണ്ടല്ല നാക്ക് കൊണ്ടാണ് ഷൂ വൃത്തിയാക്കേണ്ടത് എന്ന് മിർസ ഖാൻ ആജ്ഞാപിക്കുമ്പോൾ ഗോവർദ്ധന്റെ മുഖത്ത് മിന്നി മറയുന്ന നിസ്സഹായതയുടെയും വേദനയുടെയും അമർഷത്തിന്റെയും ഭാവങ്ങൾ മോഹൻലാൽ എത്ര മനോഹരമായിട്ടാണ്, അതിലുപരി എത്ര സ്വഭാവികമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്… കാലാപാനിയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ നൊമ്പരപ്പെടുത്തിയ രംഗങ്ങളിൽ ഒന്നാണിത്.ജയിൽ ചാടിയ ശേഷം വിശപ്പ് താങ്ങാനാകാതെ പരമാനന്ദ് എന്ന കഥാപാത്രം മണ്ണ് വാരി തിന്നാൻ ശ്രമിക്കുന്നതും അതിന് ശേഷം മറ്റൊരു സഹതടുവുക്കാരെ കൊന്ന് ഭക്ഷിക്കുന്നതുമായ രംഗമാണ് കാലാപാനിയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചതും നൊമ്പരപ്പെടുത്തിയതും… വിശപ്പിന്റെ കാഠിന്യത്താൽ സ്വന്തം കൂട്ടുകാരനെ കൊന്ന് പച്ച മാംസം ഭക്ഷിക്കുന്ന മനുഷ്യന്റെ അവസ്ഥ കാണുന്ന ഗോവർദ്ധന്റെ അമ്പരപ്പും അറപ്പും സങ്കടവും എല്ലാം മോഹൻലാൽ എത്ര വിസ്മയിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മുകുന്ദനെ കൊല്ലാനായി പോലീസ് കൂട്ടി കൊണ്ട് പോകുമ്പോൾ തിരിഞ്ഞ് നിന്ന് ഗോവർദ്ധനോട് അവസാന യാത്ര പറയുന്ന രംഗം പ്രഭു വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു…. മുകുന്ദൻ കൊല്ലപ്പെട്ടത് അറിഞ്ഞ് ജയിലഴികളിൽ പിടിച്ച് ഗോവർദ്ധൻ കരയുന്നത് മറ്റൊരു ഹൃദയസ്പർശിയായ രംഗമാണ്…

ഒരു സിനിമയ്ക്ക് വേണ്ടി കേരളത്തിലെ ഒട്ടുമിക്ക A ക്ലാസ് തിയേറ്ററുകളിലെയും സൗണ്ട് സിസ്റ്റം നവീകരിക്കുക എന്നത് അന്ന് വളരെ കൗതുകം ഉണർത്തുന്ന വാർത്തയായിരുന്നു… അതെ, കാലാപാനിക്ക് വേണ്ടിയാണ് കേരളത്തിലെ മിക്ക തിയേറ്ററുകളിലും ഡോൽബി സൗണ്ട് സിസ്റ്റം കൊണ്ട് വന്നത്. കാലാപാനിയിലെ പെർഫോമൻസിന് 1995 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാൽ നേടിയിരുന്നു. നാഷനൽ അവാർഡ് നിർണയത്തിന്റെ അവസാന റൗണ്ടിൽ കാലാപാനിയിലെ മികച്ച പ്രകടത്തിന് മോഹൻലാൽ ഉണ്ടായിരുന്നുവെങ്കിലും കിരീടത്തിലെയും സദയത്തിലെയും അതി ഗംഭീര പെർഫോമൻസുകൾ മുൻ വർഷങ്ങളിൽ തഴയപ്പെട്ടത് പോലെ തന്നെ വീണ്ടും നിർഭാഗ്യം മോഹൻലാലിനെ പിൻതുടർന്നു.

1995-96 കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ് കൂടിയാണ് കാലാപാനി.. ഒന്നൊന്നര കോടി രൂപയ്ക്ക് സൂപ്പർ സ്റ്റാർ സിനിമകൾ നിർമിച്ചിരുന്ന കാലത്താണ് കാലാപാനി നാലഞ്ച് കോടി രൂപയോളം ചെലവിട്ട് മോഹൻലാൽ നിർമിച്ചത്, കൂടെ ഗുഡ്നൈറ്റ് മോഹനും ഉണ്ടായിരുന്നു നിർമാണ പങ്കാളിയായി. കാലാപാനിയെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ട കാര്യം അല്ലെങ്കിൽ അതിശയിപ്പിക്കുന്ന കാര്യം, ഈ സിനിമ ചിത്രീകരിക്കാൻ പ്രിയദർശന് 60 ദിവസങ്ങൾ പോലും വേണ്ടി വന്നില്ല എന്നുള്ളതാണ്… മണിരത്നം കാലാപാനിയെ കുറിച്ച് ഒരിക്കൽ ഒരു മാഗസിനിൽ പറഞ്ഞത് ‘ഞാനായിരുന്നു ഈ സിനിമ എടുത്തതെങ്കിൽ ഒരു വർഷത്തിലധികം വേണ്ടി വരുമായിരുന്നു ചിത്രീകരണം പൂർത്തികരിക്കാൻ’ എന്നാണ്.

ടി. ദാമോദരന്റെയും പ്രിയദർശന്റെയും മികച്ച തിരക്കഥ, പ്രിയദർശന്റെ സംവിധാന മികവ്,സന്തോഷ് ശിവന്റെ ഛായാഗ്രാഹണം, സാബു സിറിളിന്റെ കലാസംവിധാനം, ഇളയരാജയുടെ മികച്ച ഗാനങ്ങളും പശ്ചാത്തസംഗീതവും, മറ്റു നടീനടന്മാരുടെ മികച്ച പെർഫോമൻസുകളും ഒക്കെ കാലാപാനിയെ കൂടുതൽ മികവുറ്റതാക്കി,എന്നും ഓർക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു സിനിമയാക്കി മാറ്റി. 24 വർഷങ്ങൾക്കിപ്പുറവും കാലാപാനിയെ കുറിച്ച്, കാലാപാനിയുടെ സാങ്കേതിക മികവിനെ കുറിച്ച് പ്രേക്ഷകർ പുകഴ്ത്തുന്നുണ്ടെങ്കിൽ അത് പ്രിയദർശൻ എന്ന ക്രാഫ്റ്റ്മാന്റെ സംവിധാന പാടവം കൊണ്ടാണ്, സന്തോഷ് ശിവന്റെ പകരം വെയ്ക്കാനില്ലാത്ത ഛായാഗ്രഹണ മികവ് കൊണ്ടാണ്, അതിലുപരി മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ടാണ്.

മലയാള സിനിമയ്ക്ക് എന്നെന്നും അഭിമാനിക്കാവുന്ന കാലാപാനി എന്ന സിനിമ സമ്മാനിച്ച തിരക്കഥാകൃത്ത് ടി ദാമോദരൻ, സംവിധായകൻ പ്രിയദർശൻ, നിർമ്മാതാക്കാളായ മോഹൻലാൽ – ഗുഡ്നൈറ്റ് മോഹൻ, പിന്നെ ഗോവർദ്ധനായി അരങ്ങിൽ നിറഞ്ഞാടിയ മോഹൻലാൽ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട്, കുഞ്ഞാലി മരക്കാർ കാലാപാനിയേക്കാൾ മികച്ച ഒരു സൃഷ്ടി ആകട്ടെ എന്ന് ആശംസിച്ച് കൊണ്ട് നിർത്തുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.