റോക്കി ഭായിയുടെ വില്ലനായി ഇളയ ദളപതി; വമ്പൻ ഏറ്റുമുട്ടലിന് കളമൊരുങ്ങി

ഇളയ ദളപതി വിജയ്‌യുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ബീസ്‌റ്റ്’ന്റെ റിലീസ് തിയ്യതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. തെന്നിന്ത്യൻ ബ്രഹ്മാണ്ട ചിത്രം ‘കെ‌ജി‌എഫ് 2’ വിന്റെ റിലീസിന് ഒരു ദിവസം മുമ്പ് മാർച്ച് 13-നാണ് തമിഴ് ചിത്രത്തിന്റെ തിയ്യറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അടുത്തെങ്ങും ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കാത്ത വമ്പൻ ഏറ്റുമുട്ടലിനാണ് കളമൊരുങ്ങുന്നത്.

2018 ഡിസംബറിൽ കന്നഡ സൂപ്പർസ്റ്റാർ യാഷ് നായകനായി എത്തിയ ‘കെജിഎഫ് : ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘കെ‌ജി‌എഫ് : ചാപ്റ്റർ 2’. ഏകദേശം 80 കോടി ബഡ്‌ജറ്റിൽ നിർമ്മിച്ച ‘കെജിഎഫ് : ചാപ്റ്റർ 1’, ലോകമെമ്പാടുമുള്ള തിയ്യറ്ററുകളിൽ നിന്ന് ഏകദേശം 250 കോടി ബോക്സ്‌ ഓഫീസ് കളക്ഷൻ നേടിയിരുന്നു. യഥാർത്ഥത്തിൽ, ‘കെ‌ജി‌എഫ് : ചാപ്റ്റർ 2’ 2021-ൽ റിലീസ് പ്രഖ്യാപിച്ചതായിരുന്നുവെങ്കിലും, മഹാമാരി വിതച്ച പ്രതിസന്ധി മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു.

ഇതോടെയാണ്, ഇപ്പോൾ റോക്കി ഭായിയും ഇളയ ദളപതിയും നേർക്കുനേർ വരുന്ന കാഴ്ചയ്ക്ക് സിനിമാലോകം സാക്ഷിയാകാൻ ഒരുങ്ങുന്നത്. തീർച്ചയായും, കോളിവുഡ് ആരാധകർ വിജയ് ചിത്രത്തിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ടെങ്കിലും, കെജിഎഫ് ആദ്യ ഭാഗത്തിന്റെ ബ്ലോക്ക്‌ബസ്റ്റർ വിജയം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ സംസ്ഥാനങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം ലോകം മുഴുവനുള്ള ഇന്ത്യൻ സിനിമ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ബീസ്റ്റിനെ സംബന്ധിച്ചിടത്തോളം, മുതിർന്ന നിർമ്മാതാക്കളായ ദിൽ രാജു, ഏഷ്യൻ സുനിൽ, സുരേഷ് ബാബു എന്നിവർ തെലുങ്ക് ഡബ്ബിങ് അവകാശം നേടിയതായി പറയപ്പെടുന്നു. തെലുങ്ക് സംസ്ഥാനങ്ങളിൽ ചിത്രം വൈഡ് റിലീസ് നൽകാനാണ് അവർ ഉദ്ദേശിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ പോലും, കെജിഎഫ് 2 റിലീസ് ചെയ്യുന്നതോടെ തെലുങ്ക് സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം തിയറ്ററുകളും ബീസ്റ്റിന് നഷ്ടമായേക്കാം.