എന്തുകൊണ്ടാണ് കുങ്കുമപ്പൂവിന്‌ ഇത്രയധികം വില ഉള്ളത് എന്നറിയാമോ..?

കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കുങ്കുമം. ക്രോക്കസ് സാറ്റിവസ് എന്ന ചെറു സസ്യത്തിന്റെ പൂവിനകത്ത് കാണുന്ന ചുവന്ന തന്തുകമാണ് സഫ്‌റോൺ. ഓരോ പുഷ്പ ത്തിലും 3 തന്തുക്കളാണുള്ളണ്. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായി തുടരുന്ന കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്‌ ചവർപ്പ് രുചിയുള്ള കുങ്കുമത്തിന്‌ ഐഡോഫോമിന്റെയോ അല്ലെങ്കിൽ വൈക്കോലിന്റെയോ മണമാണ്‌.

കുങ്കുമത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. കിഴങ്ങിന് മൂന്നു-നാലു മാസത്തോളം മാത്രമേ പ്രത്യുല്പാദനശേഷി ഉണ്ടാവുകയുള്ളൂ. ഒരു കിഴങ്ങ് വളർന്നു ചെടിയായാൽ അതിൽ നിന്ന് പത്തോളം കിഴങ്ങുകൾ ഉല്പാദിപ്പിക്കാനായേക്കും. ഗുണനിലവാരമേറിയ ഒരു കിലോഗ്രാം കുങ്കുമപ്പൂവിന് 10,000 ഡോളർ വിലയുണ്ട്. അതായത് ഏഴ് ലക്ഷത്തോളം രൂപ. എന്തുകൊണ്ടാണ് കുങ്കുമപ്പൂവ് ഇത്രയും വിലപിടിപ്പുള്ള സുഗന്ധവ്യജ്ഞനമായത്?


ഒരു ഗ്രാം സഫ്‌റോൺ ശേഖരിക്കുന്നതിനായി 150 പൂക്കളെങ്കിലും ആവശ്യമാണ്. ഒരു കിലോഗ്രാം ശേഖരിക്കണമെങ്കിൽ കുറഞ്ഞത് 150000 പൂക്കൾ വേണം.എന്നാൽ ഇവ ശേഖരിക്കുന്നതിനായി പ്രത്യേകം മെഷീനുകളൊന്നും ലഭ്യമല്ല. ഒരു വർഷത്തിൽ ഒരാഴ്ച കൊണ്ടാണ് കുങ്കുമപ്പൂക്കൾ വിടരുന്നത്.പൂക്കൾ വാടുന്നതിനു മുൻപ് തന്നെ ശ്രദ്ധാപൂർവ്വം ഇവ പറിച്ചെടുക്കണം. മറ്റു സുഗന്ധദ്രവ്യങ്ങൾ ഒരേക്കറിൽനിന്ന് നൂറുകണക്കിന് ക്വിന്റൽ വിളവ് തരുമ്പോൾ സഫ്രോൺ വെറും രണ്ട് കിലോയോളം മാത്രമാണ് ലഭിക്കുന്നത്.

വിളവെടുപ്പ് സമയം അടുക്കാറാകുമ്പോൾ മഴ ലഭിച്ചാൽ വലിയ പൂക്കൾ ലഭിക്കും. എന്നാൽ ഈ സമയത്ത് വരണ്ട കാലാവസ്ഥയാണെങ്കിൽ പൂക്കളുടെ വലിപ്പം കുറവായിരിക്കും. ലോകത്തിലെതന്നെ ഏറ്റവും ഗുണനിലവാരമുള്ള സഫ്രോൺ വിടരുന്നത് കശ്മീരിലാണ്. കാലാവസ്ഥ വ്യതിയാനം മൂലം കശ്മീരിലടക്കം കുങ്കുമപ്പൂവിന്റെ ഉൽപാദനം നന്നേ കുറഞ്ഞിട്ടുണ്ട്. ഗുണനിലവാരമുള്ള കാശ്മീരി കുങ്കുമത്തോടൊപ്പം വിലകുറഞ്ഞ ഇറാനിയൻ കുങ്കുമം ചേർത്ത്, കാശ്മീരി കുങ്കുമം എന്ന പേരിൽ വിൽക്കപ്പെടുന്നുമുണ്ട്.