എൽപിജി സിലിണ്ടറിന്റെ വില 50 രൂപ വർധിപ്പിച്ചു..!! 1,006.50 രൂപയാണ് കേരളത്തിലെ പുതുക്കിയ വില… | lPG Gas Price
lPG Gas Price : പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം ഭാരമുള്ള ഗാർഹിക ആവശ്യങ്ങൾക്കായുള്ള എൽപിജി സിലിണ്ടറിന്റെ വില കേന്ദ്ര സർക്കാർ 50 രൂപ വർധിപ്പിച്ചു. 1,006.50 രൂപയാണ് കേരളത്തിലെ പുതുക്കിയ വില. നേരത്തെ, 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 956.50 രൂപയായിരുന്നു. അവസാനമായി മാർച്ച് മാസത്തിലാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിച്ചത്.
കഴിഞ്ഞയാഴ്ച, 19 കിലോ ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയും വർധിപ്പിച്ചിരുന്നു. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ, വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2,253 രൂപയിൽ നിന്ന് 2,355.50 രൂപയായി. ഏപ്രിൽ മാസത്തിൽ മാത്രം 250 രൂപയാണ് വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിപ്പിച്ചത്. അതേസമയം, 5 കിലോ ഭാരമുള്ള എൽപിജി സിലിണ്ടറിന് 655 രൂപയാണ് വില.
എന്നാൽ, വാറ്റ് പോലുള്ള പ്രാദേശിക നികുതികളെ ആശ്രയിച്ച് വിലകൾ ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യ തലസ്ഥാനത്ത് 14.2 കിലോഗ്രാം ഭാരമുള്ള ഗാർഹിക ആവശ്യങ്ങൾക്കായുള്ള എൽപിജി സിലിണ്ടറിന് ഇന്ന് 999.50 രൂപയാണ് വില. വർദ്ധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലയിൽ ആളുകൾ ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന സമയത്താണ് എൽപിജി സിലിണ്ടറിന്റെ ഏറ്റവും പുതിയ കുതിച്ചുചാട്ടം എന്നത് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.
എൽപിജി സിലിണ്ടറിന്റെ വിലയിലെ കുതിച്ചുച്ചാട്ടത്തിന് പിന്നാലെ അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ, ഏപ്രിലിൽ ഗാർഹിക ആവശ്യങ്ങൾക്കായിയുള്ള പൈപ്പ് ലൈൻ പ്രകൃതി വാതകം (പിഎൻജി) ഒരു യൂണിറ്റിന് 4.25 രൂപ വർധിപ്പിച്ചിരുന്നു. എസ്സിഎമ്മിന് നിലവിൽ ഒരു യൂണിറ്റിന് 45.86 രൂപയാണ്.