മുന്തിരിയുടെ തൈ ഉണ്ടാക്കുന്ന രീതി…!

വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.

ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട ശരദ്‌സീഡ്‌ലസ് എന്ന 110 ദിവസംകൊണ്ട് പഴുത്ത് പാകമാവുകയും ഹെക്ടറിന് 25 ടണ്‍ വിളവ് ലഭിക്കുന്ന കൂടുതല്‍ മാംസളവും മണവുമുള്ള ഇനവും പ്രചാരത്തിലുണ്ട്.

കേരളത്തില്‍ തോട്ടമടിസ്ഥാനത്തില്‍ പാലക്കാട് മുതലമടയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന മുന്തിരിക്കൃഷി ഇന്ത്യയില്‍ ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി നടന്നുവരുന്നു.

വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് ‘ബാംഗ്ലൂര്‍ പര്‍പ്പിള്‍’ എന്ന് സാധാരണ വിപണിയില്‍ കാണുന്ന ഇനമാണ്. തമിഴ്‌നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്നിച്ച് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതാണ്

മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേർത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.

ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് കയറും , .പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.

Comments are closed.