മലയാള സിനിമയിലെ അതുല്യ കലാകാരൻ നെടുമുടി വേണു അന്തരിച്ചു.. ഞെട്ടലോടെ സിനിമാലോകം

നടൻ നെടുമുടി വേണു വിടവാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസ്സായിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്​.

കരൾ രോഗത്തെ തുടർന്ന് നാല് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. രാവിലെയോടെ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. രാവിലെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഉച്ചയ്‌ക്ക് 1.30 യോടെ മരണം സംഭവിക്കുകയായിരുന്നു.

മൃദംഗം വായനക്കാരൻ കൂടിയായ അദ്ദേഹം നാടകരംഗത്ത് സജീവമായിരിക്കെയാണ് സിനിമയിൽ എത്തിയത്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങള്‍ എഴുതുമായിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.

ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ നെടുമുടി വേണുവിന്റെ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുവെപ്പായിരിന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.