നടൻ പ്രതാപ് പോത്തൻ മരിച്ച നിലയിൽ..!! മൃതദേഹം കണ്ടെത്തിയത് ചെന്നെയിലെ ഫ്ലാറ്റിൽ നിന്നും; വിശ്വസിക്കാനാവാതെ താരലോകം… | Prathap Pothen Passed Away
Prathap Pothen Passed Away : ഒരു പിടി നല്ല സിനിമകൾ സിനിമാ പ്രേക്ഷകർക്കായി സമർപ്പിക്കുകയും തന്റെ നടന വൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത പ്രതാപ് പോത്തൻ ഇനി ഓർമ്മ. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ. മരണകാരണം വ്യക്തമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു നടൻ എന്നതിലുപരി സംവിധാന മേഖലയിലും സിനിമാ നിർമ്മാണ രംഗത്തും ഒരുപോലെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരം കൂടിയായിരുന്നു പ്രതാപ് പോത്തൻ.
1952 ൽ തിരുവനന്തപുരത്ത് ജനിച്ച ഇദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഊട്ടിയിലെ ലോറൻസ് സ്കൂളിൽ നിന്നായിരുന്നു. തുടർന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിരുദ പഠന കാലഘട്ടത്തിൽ തന്നെ തന്റെ അഭിനയ കല അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ശേഷം സംവിധായകനായ ഭരതനാണ് “ആരവം” എന്ന ചിത്രത്തിലൂടെ പ്രതാപ് പോത്തനെ സിനിമയിൽ എത്തിച്ചത്. തുടർന്നിങ്ങോട്ട് നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സിനിമാ ലോകത്ത് സജീവമായി മാറുകയായിരുന്നു ഇദ്ദേഹം.
22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കഥാപാത്രം കൂടിയായിരുന്നു പ്രതാപ് പോത്തന്റേത്. മാത്രമല്ല അഭിനയത്തോടൊപ്പം തന്നെ 12 ഓളം സിനിമകളിൽ സംവിധാന വേഷത്തിലെത്താനും പ്രതാപ് പോത്തന് സാധിച്ചിരുന്നു.” മീണ്ടും ഒരു കാതൽ കതൈ” എന്ന തമിഴ് ചിത്രത്തിലൂടെ സംവിധാന ലോകത്തും അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ഒരു യാത്രാമൊഴി, ഋതുഭേദം ഉൾപ്പെടെയുള്ള മലയാള സിനിമകളിലും സംവിധാന വേഷത്തിൽ എത്തുകയായിരുന്നു.
മോഹൻലാൽ തന്നെ സംവിധാനം ചെയ്തു നായകനായി എത്തുന്ന ബറോസിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തിൽ ഇദ്ദേഹം എത്തുന്നുണ്ട്. എന്നാൽ സിനിമയുടെ റിലീസിന് മുമ്പ് തന്നെയുള്ള ഈയൊരു അകാല വിയോഗ വാർത്ത സിനിമാ ലോകത്ത് ഉണ്ടാക്കിയ ഞെട്ടൽ ചെറുതൊന്നുമല്ല. അതിനാൽ തന്നെ മലയാള സിനിമയിലെ അതുല്യ കലാകാരന്മാരിൽ ഒരാളായ പ്രതാപ് പോത്തന്റെ നിര്യാണത്തിൽ അനുശോചനങ്ങളുമായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും സിനിമാ ലോകത്ത് നിന്നും പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്.