ഇന്ത്യയിലെ ആദ്യ വെർച്വൽ പ്രൊഡക്ഷൻ സിനിമയുമായി പൃഥ്വിരാജ്…

ഇന്ന് ചിങ്ങം ഒന്ന്.തൻറെ ബ്രഹ്മാണ്ഡ സിനിമയുടെ പ്രഖ്യാപനമായി രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജ് .സിനിമാ പ്രേക്ഷകരിൽ ആകാംഷ ഉണർത്തുന്ന തരത്തിലാണ് തൻറെ പേരിടാത്ത ചിത്രത്തിൻറെ പോസ്റ്ററുമായി പൃഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നത്. പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷനിൽ ആയിരിക്കും സിനിമ ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.ചിത്രത്തിൻറെ പോസ്റ്ററിൽ ഒരു മനുഷ്യനും പക്ഷിയും ആണുള്ളത്.പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ പോസ്റ്റർ നമുക്ക് നൽകുന്നത്.അതുപോലെ തന്നെ ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

ഇതൊരു പുതിയ അധ്യായം ആയിരിക്കുമെന്ന് താരം കുറിച്ചു .വെല്ലുവിളി ഉയർത്തുന്ന സാഹചര്യം ….പുതിയതരം വെല്ലുവിളികൾ ….നൂതനമായ പരീക്ഷണങ്ങൾ …..സിനിമയുടെ പ്രഖ്യാപന പോസ്റ്റർ പങ്കുവച്ച് താരം കുറിച്ചു .

പൃഥ്വിരാജ് പ്രൊഡക്ഷനും ഒന്നും മാജിക് ഫ്രെയിംസ് ചേർന്നാണ് സിനിമയുടെ നിർമ്മാണം .മലയാളം , ഹിന്ദി ,തെലുങ്ക്, തമിഴ് , കന്നഡ എന്നീ ഭാഷകളിൽ സിനിമ പുറത്തിറങ്ങും.ഗോകുൽരാജ് ഭാസ്കർ ആണ് സിനിമയുടെ സംവിധായകൻ.പേരിടാത്ത സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പിന്നീട് പുറത്ത് വിടുന്നതായിരിക്കും എന്നും താരം വ്യക്തമാക്കി.സാങ്കേതികമായും പ്രമേയപരമായും ഏറെ വലുപ്പമുള്ള പ്രോജക്ട് ആണ് ഇതെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളും സാങ്കേതികവിദ്യകളും ആയിരിക്കും ചിത്രത്തിൽ ഉപയോഗിക്കുക എന്നതാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകത.നേരത്തെ സൂചിപ്പിച്ചതുപോലെ പോലെ 5 ഭാഷകളിൽ ഒരുമിച്ച് റിലീസ് നടത്തുന്ന ആദ്യപൃഥ്വിരാജ് സിനിമ കൂടിയാകും ഇത് എന്ന് ലിസ്റ്റൻ പറയുന്നു.

പ്ലാനറ്റ്സ് ഓഫ് ദി ഏപ്സ്,അവഞ്ചേഴ്സ് തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന സാങ്കേതിക വിദ്യയാണ് വെർച്വൽ പ്രൊഡക്ഷൻ.വലിയ സെറ്റുകളും മറ്റും വിഎഫ്എക്സ് ന്റെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിച്ച് ഷൂട്ട് ചെയ്യുന്ന രീതിയാണ് വെർച്വൽ പ്രൊഡക്ഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇപ്പോൾ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ കോവിഡ് പ്രതിസന്ധിയിൽ, തിയേറ്ററുകളും ഷൂട്ടിങ്ങും നിർത്തി വച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ, ആദ്യമായി മലയാളത്തിൽ നിന്നും പ്രഖ്യാപിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയായിരിക്കും ഈ സിനിമ. ഇനിയുള്ള കാലഘട്ടത്തിൽ മലയാള സിനിമ ഇൻഡസ്ട്രിയുടെ വളർച്ചയ്ക്കും ഉറപ്പിനും ഇത്തരം സിനിമകൾ ആവശ്യമാണെന്ന് പ്രേക്ഷകരും തുറന്നു സമ്മതിക്കുന്നു.ഇപ്പോൾ ഇത്തരം സിനിമകൾ ട്രെൻഡിങ് ആയി മാറി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്.ഇത്തരത്തിലുള്ള ഡിജിറ്റൽ ലോകത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സിനിമകൾ കാണാനാണ് മിക്ക പ്രേക്ഷകരും ഈ കാലഘട്ടത്തിൽ ആഗ്രഹിക്കുന്നത്.

Comments are closed.