റംബുട്ടാന്‍ കൃഷി ചെയ്യേണ്ട വിധം, കേരളത്തിലും റംബുട്ടാൻ കൃഷി വിപുലമാക്കാം…

മറുനാടൻ പഴങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ റംബുട്ടാൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പഴവർഗ്ഗകൃഷിയിൽ ഒരു പുതുചലനം ഉണ്ടാക്കിയ റംബുട്ടാൻ ഇന്ന് വരുമാനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയിൽ മുന്നിലാണ്. ആകർഷകമായ രൂപഭംഗിയും, പഴങ്ങളുടെ വർണ്ണവിന്യാസത്തിൽ ശ്രദ്ധേയവുമായ റംബുട്ടാൻ, തൊടികൾക്ക് ചാരുത നൽകുന്നതോടൊപ്പം കർഷകർക്ക് മികച്ച വരുമാനവും നൽകിവരുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രതയും 22 മുതൽ 35 ഡിഗ്രി സെൽഷ്യസ് താപനിലയും, അറുപത് മുതൽ 90 ശതമാനം വരെ അന്തരീക്ഷ അർദ്രതയും, വർഷത്തിൽ 200 സെ.മീ. വരെ മഴയും റംബുട്ടാൻ ക്യഷിക്ക് അനുകൂല ഘടകങ്ങളാണ്. നല്ല നീർവാർച്ചയുള്ള, ധാരാളം ജൈവാംശമുള്ള ഏതുതരം മണ്ണിലും റാംബുട്ടാൻ നന്നായി വളരുന്നത് കാണാം. തണൽ ഒട്ടും തന്നെ ഇഷ്ടപ്പെടാത്ത റംബുട്ടാൻ നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന തുറസ്സായ സ്ഥലങ്ങളിൽ മികച്ച വിളവ് ലഭ്യമാക്കുന്നതായി കാണുന്നു.

ഹോംഗ്രോൺ നഴ്സറിയുടെ ഗവേഷണവിഭാഗത്തിന്‍റെ നിരന്തര ശ്രമഫലമായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇനങ്ങൾ കണ്ടെത്തുകയും, അവയുടെ ഏറ്റവും ഗുണമേന്മയേറിയ നടീൽ വസ്തുക്കൾ ലഭ്യമാക്കുകയും ചെയ്തതുവഴി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും റംബുട്ടാൻ കൃഷി വിപുലമാകുകയും ഉയർന്ന ഗുണമേന്മയുള്ള പഴങ്ങൾ വിളയുകയും ചെയ്തുവരുന്നു.

സമുദ്രനിരപ്പിൽ നിന്നും 1800 – മുതൽ 2000 അടിവരെ ഉയരത്തിൽ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണിത്. നീർവാഴ്ചയും ജൈവാംശവും ഉള്ള മണ്ണിൽ കൃഷിചെയ്യാവുന്നതാണ്. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലമാണ് റമ്പൂട്ടാൻ കൃഷി ചെയ്യാൻ പറ്റിയ സമയം. കൃഷി സ്ഥലത്തിന് അല്പം ചരിവുള്ളതാണ് കൃഷിക്ക് ഏറ്റവും നല്ല സ്ഥലം. 3 അടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളിൽ 15 മുതൽ 20 അടി വരെ അകലത്തിൽ റമ്പൂട്ടാൻ കൃഷി ചെയ്യാവുന്നതാണ്. കുഴികളിൽ മുക്കാൽ ഭാഗത്തോളം മേൽമണ്ണ്, ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവകൊണ്ട് നിറച്ച കുഴികൾ നിറച്ച് റമ്പൂട്ടാൻ നടാവുനതാണ്. നടുന്നതിനായി സങ്കരയിനം തൈകളുടെ ബഡ്ഡു ചെയ്ത തൈകൾ; കുഴിയുടേ നടുവിൽ ഒരു ചെറിയ കുഴി ഉണ്ടാക്കി അതിൽ വാം എന്ന മിത്രകുമിൾ വിതറി തൈകൾ നടാവുന്നതാണ്. തൈകൾ നട്ടതിനു ശേഷം, കുഴിയുടെ വശങ്ങൾ അരിഞ്ഞിട്ട് ഏകദേശം നിരപ്പാക്കുക.

വളർച്ച രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള ഒരു സസ്യമാണ് റമ്പൂട്ടാൻ. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വർഷം മുതൽ നല്ല രീതിയിൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലവും നൽകുന്നു. തണലിനേക്കൂടാതെ വളർച്ചയുടെ ആദ്യ കാലങ്ങളിൽ; നല്ല രീതിയിൽ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. തൈകളിൽ ആദ്യത്തെ ഇലകൾ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിൻ പിണ്ണാക്കോ തുല്യ അളവിൽ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന ജൈവവളക്കൂട്ട്, ജീവാണുവളം അസോസ്പൈറില്ലം അല്ലെങ്കിൽ ബയോ പൊട്ടാഷ് എന്നിവയും വളമായി നൽകാവുന്നതാണ്.

ചെടിയ്ക്ക് ഒരു വർഷം പ്രായമാകുമ്പോൾ ജൈവവളകൂട്ട് 4 തവണയും ജീവാണൂവളങ്ങൾ 2 തവണയും മറ്റുള്ള വളങ്ങൾ രണ്ട് തവണയും നൽകാവുന്നതാണ്. രണ്ടാം വർഷത്തിലും മൂന്നാം വർഷത്തിലും ഇതേ രീതിയിൽ തന്നെ വളപ്രയോഗം നടത്താവുന്നതാണ്. നാലുവർഷത്തിൽ കൂടുതൽ പ്രായമായ ചെടികളിൽ ജൈവവളക്കൂട്ടിനും മറ്റു വളങ്ങൾക്കും പുറമേ ചാണകപ്പൊടി കൂടുതലായി നൽകുന്നതും നല്ലതാണ്. 75 അടി വരെ ഉയരത്തിൽ വളരുമെങ്ങിലും 8 – 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങൾ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് – ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു. പാകമായ പഴങ്ങൾ തോട്ടികൊണ്ട് പറിച്ചെടുക്കാവുന്നതാണ്.

കീട-രോഗ ബാധകൾ : സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത ഒരു സസ്യമാണിത്. എങ്കിലും നേരിയ തോതിൽ ശൽക കീടങ്ങൾ, മീലിമൂട്ട, ഇല തിന്നുന്ന വണ്ടുകൾ, പുഴുക്കൾ, പുൽചാടികൾ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകുന്ന ഒരു സസ്യം കൂടിയാണിത്. കീടശല്യം ഒഴിവാക്കുന്നതിന് സാധാരണയായി വേപ്പിൻ കുരു സത്ത് ആണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്. കൂടാതെ കളനിയന്ത്രണം, ശൽക കീടങ്ങൾ ബാധിച്ചിരിക്കുന്ന കമ്പുകൾ വെട്ടി തീയിട്ട് നശിപ്പിച്ചാലും കീടശല്യം കുറയ്ക്കാവുന്നതാണ്.

Comments are closed.