കല്യാണം ആയോ റിമി..!? വിവാഹ വാർത്തയെ കുറിച്ച് ഉത്തരവുമായി റിമി നേരിട്ടെത്തി… | Rimi Tomy About Marriage
Rimi Tomy About Marriage : ഗായികയും ടിവി ഷോ അവതാരികയുമായ റിമി ടോമി തന്റെ പേരിൽ പ്രചരിക്കുന്ന വിവാഹ വാർത്തകളിൽ വ്യക്തത വരുത്തി. റിമി ടോമി അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ യഥാർത്ഥ പൊരുൾ വെളിപ്പെടുത്തിയത്. നിലവിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘സൂപ്പർ കുടുംബം’ എന്ന ഫാമിലി റിയാലിറ്റി ഷോയിലെ ക്യാപ്റ്റനാണ് റിമി ടോമി.
ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്റെ വിവാഹത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമാണെന്ന് പറഞ്ഞ് റിമി ടോമി തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ മാത്രമാണെന്നും വീഡിയോയിൽ റിമി വ്യക്തമാക്കി.
“കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി എനിക്ക് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തുടർച്ചയായി കോളുകൾ വരുന്നുണ്ട്. എല്ലാവരും ഈ വാർത്ത കണ്ട് വിളിക്കുന്നവരാണ്. എന്റെ യാതൊരു ബൈറ്റൊ മറ്റുമില്ലാതെ എങ്ങനെയാണ് ഇത്തരം കിംവദന്തികൾ പരക്കുന്നത് എന്ന് എനിക്കറിയില്ല. എന്നിരുന്നാലും, അങ്ങനെയൊന്നുമില്ല എന്ന് ഞാൻ ഇപ്പോൾ വ്യക്തമാക്കുകയാണ്. ഇനി ഭാവിയിൽ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ, അത് നിങ്ങളുമായി നേരിട്ട് പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇപ്പോൾ ഇതുപോലെ സന്തോഷത്തോടെ ജീവിക്കട്ടെ,” റിമി ടോമി വ്യക്തമാക്കി.
കൂടാതെ, ‘സൂപ്പർ കുടുംബം’ എന്ന പുതിയ ഷോയിൽ ജ്യോത്സ്നയുടെ അസാന്നിധ്യത്തെക്കുറിച്ചും വീഡിയോയിൽ റിമി പറഞ്ഞു. “ഞങ്ങളുടെ ഇടയിലെ നാലാമത്തെ ആളെ പ്രേക്ഷകർ മിസ് ചെയ്യുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു, ജോ ബേബി. ഇതുമായി ബന്ധപ്പെട്ട് എന്നോട് ധാരാളം ആളുകൾ ചോദിക്കുന്നു. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് ജ്യോത്സ്ന ഷോയിൽ നിന്ന് വിട്ടുനിൽക്കുന്നത്, അവൾ തിരിച്ചുവരവ് നടത്തി ഞങ്ങളോടൊപ്പം ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” റിമി പറഞ്ഞു.