ചെറിയ റോസ് ചെടിയിൽ പോലും ധാരാളം പൂക്കൾ ഉണ്ടാക്കാം, റോസയുടെ പരിപാലനം എങ്ങനെ…?

ഭൂമിയിൽ മനുഷ്യവാസം ആരംഭിക്കുന്നതിനു മുൻപുതന്നെ റോസുകൾ ഉണ്ടായിരുന്നെന്ന് കോർണൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. റോസ് മുറിക്കുള്ളിൽ നടാനും മുറ്റത്ത് പൂന്തോട്ടത്തിൽ നടാനും അനുയോജ്യമാണ്. വിപണിയിൽ ചുവപ്പ്, ഓറഞ്ച്, പിങ്ക് റോസുകളാണ് കൂടുതൽ വിറ്റുപോകുന്നത്.റോസുകൾ പലവിധമുണ്ട്. കടുപ്പമുള്ള തണ്ടും ധാരാളം ഇലകളും ശിഖരങ്ങളുമുള്ള ഒരിനമാണ് ഹൈബ്രിഡ് പെർപെച്വൽ.

പൂക്കൾ ചെറുതാണെങ്കിലും തുടർച്ചയായി പൂക്കുന്ന ഒരിനമാണ്.നമ്മൾ നാട്ടിൻപുറത്തൊക്കെ ധാരാളമായി കാണുന്ന റോസാപ്പൂ ഹൈബ്രിഡ് ടീ ഇനമാണ്. ഒരുപാട് നാൾ പൂക്കൾ കേടുകൂടാതെ ഇരിക്കും. ഒരേ വലിപ്പത്തിലുള്ള പൂക്കളായിരിക്കും. ഇതിന്‍റെ പൂന്തണ്ടിൽ സാധാരണ ഒരു പൂ മാത്രമേ വിരിയാറുള്ളൂ. ഫ്ളവർവേസിൽ വച്ച് മുറി അലങ്കരിക്കാനും പൂച്ചെണ്ടും ഹാരങ്ങളും ഉണ്ടാക്കുവാനും ഈ പൂക്കൾ ഉപയോഗിക്കുന്നു.

ഹൈബ്രിഡ് ടീയെക്കാൾ ചെറിയ പൂക്കളാണ് ഫ്ളോറിബന്ത. ഇതിന്‍റെ ഒരു ശിഖരത്തിൽ അഞ്ചോ ആറോ പൂക്കളുള്ള കുലകളുണ്ടാകും. ഓരോ തണ്ടിലുമുണ്ടാകുന്ന മൊട്ടുകൾ ഒരേ സമയത്തു പൂക്കുകയും ചെയ്യും. കുലയായി പൂക്കൾ വിരിയുന്ന പോളിയാന്ത റോസ നല്ല പ്രചാരമുള്ള ഇനമാണ്. മിനിയേച്ചർ റോസയുടെ പൂക്കളും ഇലകളും വളരെ ചെറുതാണ്. ഇതിനെ മിനി റോസ് എന്നും വിളിക്കുന്നു. ഇതു തോട്ടത്തിന്‍റെ അരികുകളിലും പൂത്തടങ്ങളിലും തൂക്കു ചട്ടികളിലും വളർത്താൻ പറ്റിയ റോസ് ആണ്. വള്ളിച്ചെടികൾ പോലെ പടർന്നു വളരുന്ന ചെടിയാണ് ക്ലൈംബിംഗ് റോസ്. വിദേശ വിപണിയിൽ പ്രിയമുള്ളതും കയറ്റുമതി പ്രാധാന്യമുള്ളതുമായ മറ്റു ചില ഇനങ്ങളാണ് ഗോൾഡൻ ടൈംസ്, മേർസിഡസ്, ബെലിൻഡ, റെഡ് സക്സസ്, സോണിയ, മിലാൻഡ, മോൺട്രിയൽ മുതലായവ.

കമ്പുനട്ടും പതിവച്ചും ബഡ്ഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും റോസ് തൈകൾ ഉണ്ടാക്കാം. മികച്ചയിനം റോസുകളെല്ലാം ബഡ് ചെയ്തു ഉണ്ടാക്കാവുന്നവയാണ്. ഹൈബ്രിഡ് ടീ, ഫ്ളോറി ബന്ത എന്നീ വിഭാഗത്തിൽപ്പെട്ട ഇനങ്ങളാണ് ബഡ്ഡുചെയ്ത തൈകൾ. പോളിയാന്ത, മിനിയേച്ചേഴ്സ്, ക്ലൈംബേഴ്സ് എന്നിവയുടെ കമ്പ് മുറിച്ചുനട്ടും പതിവച്ചും തൈകൾ ഉണ്ടാക്കാം. നല്ല നീർവാഴ്ചയുള്ളതും ജൈവാംശം ഉള്ളതുമായ മണ്ണുവേണം. ധാരാളം സൂര്യപ്രകാശം ചെടിയിൽ നേരിട്ടു പതിക്കണം. കഠിനമായ വേനലും മഴയും ഒഴിച്ച് എപ്പോൾ വേണമെങ്കിലും റോസ് നടാം. മണ്ണ് നല്ലവണ്ണം കിളച്ച് കല്ലും കളകളും നീക്കം ചെയ്ത് നല്ലവണ്ണം നിരപ്പാക്കിയിടണം. നടുന്നതിനു മുമ്പ് വെയിൽ കൊള്ളിക്കുന്നതു നല്ലതാണ്. ഒരടി നീളം, വീതി, താഴ്ച എന്ന ക്രമത്തിലുള്ള കുഴികൾ എടുത്ത് അതിൽ നടുമ്പോൾ 5 കിലോഗ്രാം ഉണക്ക ചാണകം പൊടിച്ചിടേണ്ടതാണ്. ചെടികൾ നടുമ്പോൾ തമ്മിൽ അകലം ഉണ്ടായിരിക്കണം. തൈ നടുമ്പോള്‍ ബഡ് ചെയ്ത ഭാഗം മണ്ണിനു മുകളിലായിരിക്കാൻ ശ്രദ്ധിക്കണം.

ചട്ടിയിലും റോസ് കൃഷി ചെയ്യാം. ചട്ടിയിൽ തൈ നടുമ്പോൾ 30 സെന്റീമീറ്റർ വലിപ്പമുള്ള ചട്ടികൾ ഉപയോഗിക്കണം. അധികം പടർന്നു വളരാത്ത ഇനങ്ങൾക്ക് അൽപം വലിപ്പം കുറഞ്ഞ ചട്ടികളായാലും മതി. ചട്ടിയുടെ അടിയിലുള്ള ദ്വാരങ്ങൾ ഓടിൻ കഷണമുപയോഗിച്ച് മൂടണം. ചട്ടി നിറയ്ക്കാൻ ഉണങ്ങി പൊടിഞ്ഞ കരിയിലയോ ചാണകപൊടിയോ കമ്പോസ്റ്റോ ആറ്റുമണ്ണും ചെമ്മണ്ണുമായി കലർത്തി ഉപയോഗിക്കാം.കുഴികളിൽ നട്ട ചെടികൾക്കു ഓരോ വർഷവും 5 മുതൽ 10 വരെ കിലോഗ്രാം ജൈവവളം ഇടണം. പച്ചിലയോ ചാണകമോ കോഴിവളമോ പിണ്ണാക്കുകളോ ഇടാം. ചട്ടിയിൽ വളർത്തുന്ന ചെടികളുടെ ചുവട്ടിലെ മണ്ണിൽ ജൈവാംശം പൂർണ്ണമായി നഷ്ടമാകുമ്പോഴോ വേരു വളർന്നു ചട്ടിയിൽ നിറയുമ്പോഴോ മണ്ണു മാറ്റണം. വേരുകൾ കോതുകയും വേണം. വർഷത്തിലൊരിക്കൽ കൊമ്പു കോതണം. ഇതു ചെടികൾ നന്നായി പുഷ്പിക്കാൻ സഹായിക്കുന്നു. ഉണങ്ങിയ കമ്പുകളും അതോടൊപ്പം നീക്കം ചെയ്യണം. വേനൽക്കാലത്തു ചെടികൾ ദിവസവും നനയ്ക്കേണ്ടതാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.