വേർപിരിയൽ അഭ്യൂഹം സ്ഥിതീകരിച്ച് സമന്ത

കുറച്ചുനാളായി ചർച്ചയിലുള്ള സമാന്ത-നാഗചൈതന്യ വിവാഹമോചന അഭ്യൂഹങ്ങൾ സ്ഥിതീകരിച്ചുകൊണ്ട് സമന്തയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. “ഒരുപാട് ചർച്ചകൾക്കും ആലോചനയ്ക്കും ശേഷം ഭാര്യാ ഭർതൃ ബന്ധം ഉപേക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. പത്തു വർഷമായി ഞങ്ങളുടെ ഇടയിലുള്ള പ്രത്യേക ബന്ധവും സൗഹൃദവും നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ടുപോകും. ഈ പ്രയാസകരമായ കാലഘട്ടത്തിൽ ആരാധകർ, ബന്ധുക്കൾ, മാധ്യമങ്ങൾ എന്നിവർ ഞങ്ങളോടൊപ്പം നിൽക്കുമെന്നും ഞങ്ങളുടെ സ്വകാര്യത മാനിക്കുമെന്നും പ്രതീക്ഷിക്കുന്നു. മുന്നോട്ടുപോകാൻ അത് ഞങ്ങൾക്ക് അത്യാവശ്യമാണ്” എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വേർപിരിയലിനെ സംബന്ധിച്ച പല ചോദ്യങ്ങളും വിവിധ സാഹചര്യങ്ങളിൽ മാധ്യമങ്ങൾ ഉന്നയിച്ചപ്പോഴൊക്കെ അതിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു താരങ്ങൾ. സാമന്ത അക്കിനേനി എന്ന പേര് ഇൻസ്റ്റഗ്രാമിൽ മാറ്റിയതിനെത്തുടർന്നായിരുന്നു അഭ്യൂഹങ്ങളുടെ തുടക്കം. തന്റെ സ്വകാര്യ ജീവിതവും അഭിനയ ജീവിതവും രണ്ടായി കാണണം എന്ന് മുൻപ് നാഗചൈതന്യ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. റേറ്റിങ് വർധിപ്പിക്കാനായി മാധ്യമങ്ങൾ ഇത്തരം വാർത്തകൾ കൂടുതലായി ഉപയോഗിക്കുന്നു എന്നായിരുന്നു താരത്തിന്റെ പ്രതികരണം.


2017 ഒക്ടോബറിലായിരുന്നു സമന്തയും നാഗചൈതന്യയും വിവാഹിതരായത്. നാലാം വിവാഹവാർഷികത്തിനുശേഷം ദിവസങ്ങൾക്കുള്ളിലാണ് വേർപിരിയൽ വാർത്ത താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക് സെറ്റിൽ വച്ചാണ് സമന്തയും നാഗചൈതന്യയും പരിചയപ്പെടുന്നത്. വിവാഹിതരായശേഷം സോഷ്യൽ മീഡിയയിൽ നിരന്തരം ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറേനാളായി ഇത്തരം ചിത്രങ്ങൾ കാണാതിരുന്നതുകൊണ്ടുതന്നെ ആരാധകർ പല തരത്തിൽ സംശയങ്ങൾ ഉന്നയിച്ചിരുന്നു.

അടുത്ത ദിവസങ്ങളിൽ ക്ഷേത്ര സന്ദർശനത്തിന് എത്തിയ സമാന്തയോട് ഒരു മാധ്യമപ്രവർത്തകൻ വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യം ചോദിച്ചിരുന്നു. ക്ഷേത്ര ദർശനത്തിനാണ് താൻ വന്നതെന്നും ബുദ്ധിയില്ലേ എന്നുമാണ് അന്ന് സാമന്ത ചോദ്യത്തോട് പ്രതികരിച്ചത്. അതും മാധ്യമങ്ങളിൽ വാർത്തയായിരുന്നു.