പതിവുപോലെ വീട്ടിലെ സ്റ്റെപ് കയറിക്കൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത്..!! സിനിമയെ വെല്ലുന്ന ജീവിതം… | Sanjay Dutt Life Story
Sanjay Dutt Life Story : ബോളിവുഡ് സിനിമാ ലോകത്തെ മുൻ താരനിരയിലെ പ്രധാനിയായ താരമാണല്ലോ സഞ്ജയ് ദത്ത്. ഏറെ സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നും വന്നു കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ അഭിനയപാടവം കൊണ്ടും ശൈലി കൊണ്ടും നിരവധി ആരാധകരുടെ ഇഷ്ടതാരമായി മാറാനും സഞ്ജയ് ദത്തിന് സാധിച്ചിരുന്നു. പിതാവായ സുനിൽ ദത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്ത് എത്തുന്നത് എങ്കിലും “നാം” എന്ന ക്രൈം ത്രില്ലർ മൂവിയിലൂടെയാണ് താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
തുടർന്നിങ്ങോട്ട് ഹിന്ദി സിനിമാ ലോകത്തിന്റെ ഇതിഹാസങ്ങളിൽ ഒരാളായി മാറിയ താരം നിരവധി ബഹുമതികളും അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈയിടെ താൻ ക്യാൻസർ എന്ന മഹാമാരിയുടെ പിടിയിലാണ് എന്ന് സഞ്ജയ് ദത്ത് വെളിപ്പെടുത്തിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ അന്ന് നേരിട്ട വെല്ലുവിളികളെ കുറിച്ചും അതിനെ തരണം ചെയ്ത രീതിയെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. കോവിഡ് കാലത്തുള്ള ഒരു ലോക്ക്ഡൌൺ ദിനത്തിൽ പതിവുപോലെ വീടിനകത്തെ സ്റ്റെപ്പ് കയറുമ്പോൾ തനിക്ക് ശ്വാസം കിട്ടാത്ത ഒരു അവസ്ഥയുണ്ടായി.
തുടർന്ന് ഡോക്ടറുടെ സഹായം തേടിയപ്പോൾ ശ്വാസകോശത്തിനുള്ളിൽ മുഴുവൻ വെള്ളമാണെന്ന് അവർ പറഞ്ഞു. തുടർന്ന് ടിബി ആണെന്ന് കരുതിയ തന്നോട് ഇത് അർബുദമാണെന്ന് തന്റെ സഹോദരി മുഖേനെ അവർ പറഞ്ഞപ്പോൾ താൻ തീർത്തും ഇല്ലാതായി. മാത്രമല്ല തന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ കുറിച്ച് ആലോചിച്ചപ്പോൾ ശരിക്കും കരഞ്ഞു പോവുകയായിരുന്നുവെന്ന് താരം പറയുന്നുണ്ട്. തുടർന്ന് വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന താൻ അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് നടത്തിയിരുന്നത്. ഏറെ ആത്മവിശ്വാസത്തോടെ കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ ആരംഭിക്കുകയും ദിവസവും മണിക്കൂറുകൾ വ്യായാമങ്ങൾക്കായി ചിലവഴിക്കുകയും ചെയ്തപ്പോൾ ഏറെ മാറ്റങ്ങൾ പ്രകടമായി.
സൈക്ലിംഗ്, ബാഡ്മിന്റൺ പോലെയുള്ള വ്യായാമങ്ങളിൽ ഏർപ്പെട്ട് കൊണ്ട് താൻ തന്റെ ശരീരത്തെ പാകപ്പെടുത്തി. മാത്രമല്ല ചികിത്സകൾക്കും ഫിറ്റ്നസ് ട്രീറ്റ്മെന്റുകൾക്കും ഒടുവിൽ താൻ ആ പഴയ സഞ്ജയ് ദത്ത് ആയി മാറിയെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യാഷ് നായകനായി പുറത്തിറങ്ങിയ കെജി എഫ് 2 എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഈയൊരു ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ വില്ലൻ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്.