സൺറൂഫ് വാഹനത്തിലെത്തിയ സജിനെയും ഗോപികയെയും കാണാൻ തടിച്ചുകൂടിയത് ആയിരങ്ങൾ..!! ഉദ്ഘാടനവേദിയിൽ മിന്നിത്തിളങ്ങിയ ശിവാഞ്ജലിമാർ..!! | Sivanjali Together

Sivanjali Together : അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അതും സംഭവിച്ചിരിക്കുകയാണ്. ശിവനും അഞ്‌ജലിയും ഓഫ് സ്‌ക്രീനിൽ ഒന്നിച്ചെത്തി!!! മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഇന്നോളം ഇങ്ങനെയൊരു ആരാധന ഒരു പ്രണയജോഡിയോടും തോന്നിയിട്ടുണ്ടാകില്ല. സാന്ത്വനം പരമ്പരയിലെ ശിവാഞ്ജലിമാർ പ്രേക്ഷകരുടെ കണ്ണിലുണ്ണികളാണ്. മലയാളം ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു വലിയ ഫാൻ ബേസ് സ്വന്തമാക്കുന്ന നായകനും നായികയും ഉണ്ടാവുന്നത്.

സാന്ത്വനത്തിലെ ശിവനും അഞ്‌ജലിയും അങ്ങനെ ഓഫസ്‌ക്രീനിൽ ഇതാദ്യമായി ഒന്നിച്ചിരിക്കുകയാണ്. ഇരുവരെയും ഒന്നിച്ചുകിട്ടുക എന്നത് പലപ്പോഴും നടക്കാതെ പോയിട്ടുള്ള കാര്യമാണ്. ഒരു അഭിമുഖത്തിൽ പോലും ശിവാഞ്ജലിമാർ ഇന്നേവരെ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ നീണ്ട നാളത്തെ കത്തിരിപ്പിനൊടുവിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉൽഘാടനത്തിന് ഒരുമിച്ചെത്തുകയായിരുന്നു നടൻ സജിനും നടി ഗോപിക അനിലും.

പായിപ്പാട് കെ ആർ ടെക്സ്ടൈൽസ് ഉൽഘാടനവേദിയിലാണ് സജിനും ഗോപികയുമെത്തിയത്. തുറന്നിട്ട വാഹനത്തിൽ ഗോപികയാണ് ആദ്യമെത്തിയത്. വണ്ടിയിൽ നിന്ന് കൊണ്ട് തന്നെ താരം ആരാധകരോട് സംസാരിച്ചു. പിന്നാലെ മറ്റൊരു വണ്ടിയിൽ സജിനുമെത്തി. സാന്ത്വനത്തിലെ ശിവേട്ടന്റെ ശബ്ദത്തിൽ നിന്നും മാറി സജിന്റെ യഥാർത്ഥശബ്ദം കേട്ട് പലരും ഒന്ന് പുഞ്ചിരിച്ചു. സജിനെ ഒന്ന് തൊടാൻ പോലും പലരും ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് സജിനും ഗോപികയും ഷോറൂമിലെത്തി ഭദ്രദീപം കൊളുത്തി ഉൽഘാടനകർമ്മം നിർവഹിക്കുകയായിരുന്നു. വൻ ജനക്കൂട്ടമായിരുന്നു പ്രിയതാരങ്ങളെ കാണാൻ എത്തിയത്.

തിരക്കിനിടയിൽ പണിപ്പെട്ടായിരുന്നു സംഘാടകർ സജിനെയും ഗോപികയേയും തിരികെ വാഹനത്തിലെത്തിച്ചത്. പ്രേക്ഷകർക്കൊപ്പം സെൽഫിയൊക്കെയെടുത്താണ് ഇരുവരും മടങ്ങിയത്. തന്റെ ജീവിതത്തിൽ ഇത്‌ ആദ്യമായാണ് തുറന്നിട്ട വണ്ടിയിൽ ഒരു പ്രസംഗമെന്ന് ഗോപിക പറഞ്ഞപ്പോൾ ശിവാഞ്‌ജലിമാർക്ക് നൽകുന്ന പിന്തുണക്ക് നന്ദി പറയുകയായിരുന്നു സജിൻ. ഇരുവരെയും ഒരുമിച്ച് കിട്ടിയ സന്തോഷത്തിൽ ഫോട്ടോ എടുക്കാൻ തിരക്ക് കൂട്ടുന്ന ആരാധകരെയാണ് ഉൽഘാടനവേദിയിൽ കൂടുതലും കണ്ടത്. എല്ലാവർക്കും നന്ദി അറിയിച്ചാണ് സജിനും ഗോപികയും മടങ്ങിയത്.