മണ്ണിനു വളം ഇനി മണ്ണറിഞ്ഞു കൊടുക്കാം…

കാലിത്തൊഴുത്തില്‍ നിന്നും ലഭിക്കുന്ന ചാണകവും ഗോമൂത്രവും തീറ്റപ്പുല്ലിന്‍റെയും തീറ്റിസാധനങ്ങളുടെയും അവശിഷ്ടങ്ങളും അഴുകി കിട്ടുന്ന വളമാണ് കാലിവളം. . കാലിവളം മണ്ണില്‍ ചേര്‍ത്താല്‍ സാവധാനമേ അതില്‍ നിന്നുളള മൂലകങ്ങള്‍ ചെടിക്കള്‍ക്കു ലഭിക്കുകയുള്ളൂ. ഭക്ഷ്യയോഗ്യമല്ലാത്ത പലതരം മത്സ്യങ്ങളും സംസ്കരണ ശാലകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങളും വളമായി ഉപയോഗിക്കുന്നു .ഇവ അങ്ങനെ തന്നെയോ ഉണക്കിയശേഷം പൊടിച്ചോ ഉപയോഗിക്കാം. പെട്ടെന്ന് അഴുകിചേരുന്നതിനാല്‍ എല്ലാ വിളകള്‍ക്കും നല്ലതാണ്.

എണ്ണ നീക്കിയ ശേഷമുളള നിലക്കടല, വേപ്പിന്‍കുരു, കൊപ്ര, എള്ള് തുടങ്ങയവയുടെ അവശിഷ്ടമാണ് പിണ്ണാക്കുകള്‍. മൃഗങ്ങള്ക്ക് ഭക്ഷയോഗ്യമായതും, ഭക്ഷയോഗ്യമല്ലാത്തതുമായ രണ്ടു തരത്തിലുളള പിണ്ണാക്കുകളും കൃഷിയ്ക്ക് ഉപയോഗിക്കുന്നു. ചാണകം, കമ്പോസ്റ്റ് എന്നിവയെ അപേക്ഷിച്ച് പിണ്ണാക്കുകളില്‍ മൂലകങ്ങളുടെ അംശം കൂടുതലാണു. കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം വളരെ കുറവായതിനാല്‍ മറ്റ് ജൈവവളങ്ങലെക്കാള്‍ വേഗത്തില്‍ വിഘടിച്ചു ഇവയിലുള്ള മൂലകങ്ങള്‍ പെട്ടെന്നുതന്നെ ചെടികള്‍ക്ക് ലഭ്യമാക്കുന്നു. പിണ്ണാക്കുകള്‍ മണ്ണില്‍ ചേര്‍ക്കുന്നതിനു മുന്‍പ് പൊടിക്കേണ്ടതായുണ്ട് . ആവണക്കിന്‍ പിണ്ണാക്ക്‌ ചിതലുകളെ നിയന്ത്രിക്കാന്‍ നല്ലതാണ്‌. മാത്രമല്ല പിണ്ണാക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ദോഷകാരികളായ നിമാവിരകളുടെ ആക്രമണവും കുറയുന്നു.

ജൈവവസ്തുക്കളുടെ സമ്മിശ്ര ശേഖരണം എന്നതാണ് കമ്പോസ്റ്റിന്റെ അര്‍ത്ഥം. കാര്‍ബണും നൈട്രജനും കൂടുതല്‍ അടങ്ങിയ ജൈവവസ്തുക്കള്‍ കൂട്ടികലര്‍ത്തിയാണ് കൂട്ടുവളം നിര്‍മിക്കുന്നത് .സസ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും കിട്ടുന്ന ജൈവവസ്തുക്കള്‍ വിഘടിക്കുന്നത് കൊണ്ട് ഇവയാണ് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്. ജൈവവസ്തുക്കളുടെ കാര്‍ബണ്‍ നൈട്രജന്‍ അനുപാതം, തരികളുടെ വലിപ്പം, ജലാംശത്തിന്റെ അളവ്, വായു സഞ്ചാരം ,താപനില, അമ്ല -ക്ഷാര സൂചിക എന്നിവയെല്ലാം കമ്പോസ്റ്റ് നിര്‍മാണത്തെ സാരമായി ബാധിക്കുന്നു

ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണു കോഴിവളം. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ വളരെ എളുപ്പത്തില്‍ വിളകള്‍ക്ക് ലഭ്യമാകുന്നു. ഇതിന്‍റെ കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ ഏറെ അനുകൂലമാണ്.കോഴിയുടെ കാഷ്ഠത്തിന് പുറമെ മൂത്രവും ഇതില്‍ അടങ്ങിയിരിക്കുന്നു. 2.2% നൈട്രജനും 1.4% ഫോസ്ഫറസും 1.6% പോട്ടാസ്യവും ഇതിലുണ്ട്. 60% നൈട്രജന്‍ യൂറിക് ആസിഡ് ആയും 30% നൈട്രജന്‍ ജൈവ സംയുക്തങ്ങളായും ബാക്കി നൈട്രജന്‍ മിനറല്‍ രൂപത്തിലും കാണപ്പെടുന്നു. ഉണക്കി പൊടിച്ചെടുത്ത പഴകിയ കോഴിവളമാണു വിളകള്‍ക്കുത്തമം.ഈ വളം പ്രയോഗിക്കുമ്പോള്‍ ചൂട് കുറയ്കാന്‍ ജലസേചനം കൃത്യമായി നടത്തണം .അധിക തോതിലുപയോഗിച്ചാല്‍ ചൂടുകൊണ്ട് പച്ചക്കറി വിളകള്‍ നശിക്കാന്‍ ഇടയാകും

എല്ലു വേവിച്ചോ അല്ലാതെയോ പൊടിച്ചതാണ് എല്ലുപൊടി . നൈട്രജന്‍, ഫോസ്ഫറസ് എന്നിവയ്ക്ക് പുറമേ കാല്‍സ്യം കൂടി അടങ്ങിയിട്ടുള്ളതിനാല്‍ കേരളത്തിലെ അമ്ലമണ്ണുകളിലേക്ക് ഏറ്റവും അനുയോജ്യമാണ് ഈ വളം. ഉണക്കിയ ജൈവവശിഷ്ടങ്ങള്‍ കത്തിചെടുകുന്ന ചാരം പണ്ടു മുതല്‍ക്കേ ഉപയോഗിച്ച് വരുന്നു. പൊട്ടാസ്യം കൂടുതലുള്ള ജൈവവളമാണ് ഇത്. എല്ലാ വിളകള്‍ക്കും ഉപയോഗിക്കാന്‍ അനുയോജ്യമായ ജൈവവളമാണ് ചാരം. ഇത് സാധാരണ അടിവളമായി ഉപയോഗിക്കുന്നു .

Comments are closed.