‘വിക്രം’ നാളെ തീയറ്ററുകളിൽ; ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് കമൽഹാസൻ ചിത്രം… | Vikram Movie 2022

Vikram Movie 2022 : ഇന്ത്യൻ സിനിമ ആരാധകർ കാത്തിരിക്കുന്ന ആ തെന്നിന്ത്യൻ ചിത്രം നാളെ തിയറ്ററുകളിലെത്തും. കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘വിക്രം’ ആണ് ജൂൺ മൂന്നിന് തിയറ്ററുകളിലെത്തുന്നത്. കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയ വമ്പൻ താരനിര വേഷമിടുന്ന ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ്.

1986-ൽ പുറത്തിറങ്ങിയ കമൽഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന്റെ പേര് തന്നെയാണ് പുതിയ ചിത്രത്തിനെങ്കിലും, പഴയ ചിത്രത്തിന്റെ രണ്ടാം ഭാഗമല്ല ലോകേഷ് കനകരാജ് ചിത്രമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിൽ അണിയറപ്രവർത്തകർ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മറ്റൊരു സർപ്രൈസിന്റെ സൂചന കഴിഞ്ഞ ദിവസം സംവിധായകൻ ലോകേഷ് കനകരാജ് പുറത്തുവിട്ടിരുന്നു. നടിപ്പിൻ നായകൻ സൂര്യ ചിത്രത്തിൽ ഒരു ഗസ്റ്റ് അപ്പിയറൻസിൽ എത്തുന്നുണ്ട് എന്നതിന്റെ സൂചനയാണ് സംവിധായകൻ പുറത്തുവിട്ടത്. എന്നാൽ, സൂര്യയുടെ കഥാപാത്രമെന്തെന്നതിനെക്കുറിച്ചുള്ള യാതൊരു സൂചനയും ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

'വിക്രം' നാളെ തീയറ്ററുകളിൽ; ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് കമൽഹാസൻ ചിത്രം...
‘വിക്രം’ നാളെ തീയറ്ററുകളിൽ; ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് കമൽഹാസൻ ചിത്രം…

എന്നാൽ, ചിത്രത്തിനായി ഓരോ താരങ്ങളും കൈപ്പറ്റിയ പ്രതിഫലം എത്ര എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന വിജയ് സേതുപതിക്ക് 10 കോടിയും ഫഹദ് ഫാസിലിന് 4 കോടിയും സംവിധായകൻ ലോകേഷ് കനകരാജിന് 8 കോടിയും സംഗീത സംവിധായകൻ അനിരുദ്ധിന് 4 കോടി രൂപയുമാണ് പ്രതിഫലമായി നിർമ്മാണ കമ്പനി നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ ഇതിനോടകം റിലീസായ ഗാനവും ടീസറും ട്രെയിലറുമെല്ലാം വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. അതുകൊണ്ട് തന്നെ, നാളെ റിലീസ് ചെയ്യാനിരിക്കുന്ന 120 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. ചിത്രം സർവ്വകാല ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് വലിയ വിജയം നേടുമെന്ന് തന്നെയാണ് ആരാധകർ ആത്മവിശ്വാസത്തോടെ പറയുന്നത്.