
മായില്ലൊരിക്കലും മനസ്സിൽ നിന്നും!! കൂട്ടുകാരന്റെ വിയോഗത്തിൽ ഉള്ള് വിങ്ങി ജഗതി ശ്രീകുമാർ; കന്നാസ് ഇനിയില്ല കടലാസ് മാത്രം… | Jagathy Sreekumar Remembrance Of Actor Innocent Malayalam
Jagathy Sreekumar Remembrance Of Actor Innocent Malayalam : കാബൂളിവാല എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ രണ്ട് താരങ്ങളാണ് ജഗതി ശ്രീകുമാറും, ഇന്നസെന്റും. ഈ സിനിമയിലെ ഇരുവരുടെയും അഭിനയം ലോകോത്തര നിലവാരത്തിലുള്ളതാണ്. ഈ സിനിമ കണ്ട് കണ്ണ് നിറയാത്ത മലയാളികൾ ഉണ്ടാകില്ല. ജഗതി ശ്രീകുമാറിന് അപകടം പറ്റിയപ്പോൾ ഇന്നസെന്റ് ആത്മാർത്ഥമായി പറഞ്ഞ ചില വാക്കുകൾ ഉണ്ട്. അമ്പിളി ചേട്ടൻ തിരിച്ചുവന്നാൽ കാബൂളിവാല പാർട്ട് ടു എടുക്കാം എന്ന്.
എന്നാൽ ആ വാക്കുകൾ മാത്രം ബാക്കിയാക്കി ഇന്ന് ഇന്നസെന്റ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഇത് മലയാള സിനിമയ്ക്ക് ഉണ്ടാക്കിയ നഷ്ടം എന്ന് പറയുന്നത് വളരെ വലുതാണ്. നാലു പതിറ്റാണ്ടു കാലമായി മലയാളത്തിൽ ഹാസ്യ വേഷത്തിലും അല്ലാതെയും നിറഞ്ഞുനിന്ന താരമാണ് ഇന്നസെന്റ്. 750ലധികം ചിത്രങ്ങളിലാണ് ഇക്കാലം കൊണ്ട് താരം വേഷമിട്ടത്. ഒരുപിടി മറക്കാനാകാത്ത കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചാണ് പ്രിയ താരം ഇന്നസെന്റ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്.

അതുപോലെ തന്നെ ഹാസ്യ സാമ്രാട്ടുകളിൽ പ്രധാനിയായിരുന്നു ജഗതി ശ്രീകുമാറും. തന്റെ ജീവിതത്തിൽ ഇടയ്ക്കുണ്ടായ ഒരു ആക്സിഡന്റ് ജഗതി ശ്രീകുമാർ എന്ന അതുല്യപ്രതിഭയെ വല്ലാതെ തളർത്തിയിരുന്നു. എങ്കിലും സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെ താരം പ്രേക്ഷകർക്ക് മുൻപിൽ വീണ്ടും എത്തിയിരുന്നു. ഇപ്പോഴിതാ ജഗതി ശ്രീകുമാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് പ്രേക്ഷകഹൃദയങ്ങളിൽ ഒരു കനലായി തീരുന്നത്. ജഗതി ശ്രീകുമാറും ദിലീപും ഇന്നസെന്റും ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോയാണിത്.
മായില്ലൊരിക്കലും എന്ന തലക്കെട്ടോടെ ആണ് ഈ ചിത്രങ്ങൾ ജഗതി ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ വലിയ ഒരു സങ്കടം അവശേഷിക്കുകയാണ്. കാബൂളിവാലയിലെ ആ കന്നാസിനെയും കടലാസിനെയും ഇനി ഞങ്ങൾക്ക് ഇങ്ങനെ കാണാൻ ആകില്ലല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിനു താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. പ്രിയ താരത്തിന് ആദരാഞ്ജലികളും പ്രേക്ഷകർ അർപ്പിക്കുന്നു. താരത്തിന്റെ വിയോഗത്തിൽ നിരവധി താരങ്ങൾ അനുസ്മരണം രേഖപ്പെടുത്തുന്നുണ്ട്