മിന്നല്‍ മുരളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ടൊവിനോ തോമസും ബേസില്‍ ജോസഫും…

മിന്നല്‍ മുരളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ടൊവിനോ തോമസും ബേസില്‍ ജോസഫും ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസും ഹരിശ്രീ അശോകനും ചിത്രത്തിലുണ്ട്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. സൂപ്പര്‍ ഹിറോ കഥാപാത്രമാണ് ചിത്രത്തില്‍ ടൊവിനോയ്‍ക്ക്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവിനൊയും ഒന്നിക്കുന്ന ചിത്രമാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന മിന്നല്‍ മുരളി. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ വിശേഷങ്ങളൊക്കെ പങ്കുവെച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും.ടോവിനോ ചിത്രത്തില്‍ സൂപ്പര്‍ഹീറോ പരിവേഷമുള്ള കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്.

ടൊവിനോ തോമസ്‌ നായകനായ ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്കു വേണ്ടി കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം ഉണ്ടാക്കിയ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകർക്കപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിനിമാരംഗത്തു നിന്നും നിരവധി പേർ രംഗത്തു വന്നിരുന്നു. സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചും സംസ്ഥാന കൃഷി വകുപ്പിന്റെയും കാലടി ഗ്രാമ പഞ്ചായത്തിന്റെയും ക്ഷേത്ര ഭരണ സമിതിയുടെയും അനുവാദം വാങ്ങിയും ക്ഷേത്ര ഭരണസമിതിക്ക് വാടക നൽകിയുമാണ് ഈ സ്ഥലത്ത് സെറ്റ് നിർമ്മിച്ചതെന്ന് ചലച്ചിത്ര തൊഴിലാളികളുടെ ട്രേഡ് യൂണിയനായ ഫെഫ്‌ക വ്യക്തമാക്കിയിരുന്നു.മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. മലയാളസിനിമാലോകം മുഴുവൻ ഈ അക്രമത്തെ ശക്തമായ ഭാഷയിലാണ് എതിർത്തത്. മുഖ്യമന്ത്രിയും അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു.

സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ഓണം റിലീസായി തീയറ്ററുകളിൽ എത്തിക്കാനായി ധൃതിപിടിച്ച് ചിത്രീകരണജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കെ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിർത്തിവയ്ക്കുകയായിരുന്നു. ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർഹീറോ അണിയറയിൽ ഒരുങ്ങുന്നതിൻറെ ആവേശത്തിലാണ് പ്രേക്ഷകർ. അതിനാൽ തന്നെ ചിത്രത്തിൻറെ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് മിന്നൽ മുരളി ഒരുങ്ങുന്നത്.

മലയാളികൾ കണ്ടിട്ടുള്ള ഹോളിവുഡ് സൂപ്പർ സ്റ്റാർ സിനിമകളിലേതെന്ന പോലെ മിന്നൽ മുരളിയിലെ സൂപ്പർ സ്റ്റാറിനും സാമ്യമുണ്ടാകുമോ എന്ന സിനിമാപ്രേമികളുടെ സംശയത്തിന് മറുപടി നൽകിയിരിക്കുകാണ് ഇരുവരും. സൂപ്പർ സ്റ്റാറുകൾ അണിയുന്ന സ്യൂട്ട് പൊലെ ഒന്ന് മിന്നൽ മുരളിയ്ക്കും ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇരുവരും നൽകിയിരിക്കുന്ന മറുപടിയാണ് ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. സിലിക്കൺ സ്യൂട്ട് ഇല്ലെങ്കിലും കേരള പശ്ചാത്തലത്തിൽ നിന്നു കൊണ്ടുള്ള ഒരു സ്യൂട്ട് ചിത്രത്തിൽ ഉണ്ടായിരിക്കുമെന്നും വേറിട്ട ഒരു ചിത്രമാണ് ഇതെന്നുമാണ് ഇവർ പറയുന്നത്. മുരളിയ്ക്ക് സിക്സ് പായ്ക്കിൻറെ ആവശ്യമില്ല. ബോഡി ഷെയ്പ്പ് മാത്രമാണ് ആവശ്യം. ഇതൊരു മലയാളം സിനിമയാണ്. അതുകൊണ്ട് സിനിമയിൽ മസില് കാണിക്കാനുള്ളതൊന്നുമില്ല. സൂപ്പർ ഹീറോ ആയത് കൊണ്ട് മസിലുണ്ടായാൽ കൊള്ളാം, മസിലില്ലെങ്കിലും കുഴപ്പമൊന്നുമില്ലാത്ത കഥാപാത്രമാണ് ഇതെന്നും ടൊവിനോ പറഞ്ഞു.

ചിത്രത്തിൻറെ ഫൈറ്റുകളൊക്കെ തുടങ്ങാൻ പോകുന്നതേ ഉള്ളൂ എന്നും ഇപ്പോൾ തന്നെ അത്യാവശ്യം പരിക്കുകളൊക്കെ പറ്റിയിട്ടുണ്ടെന്നും ടൊവിനോ വ്യക്തമാക്കി. കംപ്യൂട്ടർ ഗ്രാഫിക്സ് കുറയ്ക്കാനായി പല കാര്യങ്ങളും തന്നെ കൊണ്ട് ബേസിൽ റിയലായി ചെയ്യിക്കുകയായിരുന്നെന്നും റിയൽ സൂപ്പർ ഹീറോ ആണെന്ന് സംശയിച്ചു പോയ അവസരങ്ങൾ പോലുമുണ്ടായിട്ടുണ്ടത്രേ എന്നും തമാശ രൂപേണ ടൊവിനോയും ബേസിലും പറയുന്നു.

Comments are closed.