പുതിയ ബിഗ്ഗ്‌ബോസ് സെറ്റിന് പിന്നിലെ രഹസ്യം ഇങ്ങനെ!!! ഷോയുടെ അണിയറപ്രവർത്തകരോട് പ്രേക്ഷകർ പറയുന്നത് ഇങ്ങനെ..

ലോകമെമ്പാടുമുള്ള മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. റെക്കോർഡ് റേറ്റിംഗ് നേടാറുള്ള ടെലിവിഷൻ ഷോയാണ് ബിഗ്ഗ്‌ബോസ്. ഇത്തവണ മലയാളം ബിഗ്ഗ്‌ബോസ് നടക്കുന്നത് മുംബൈ സെറ്റിലാണെന്നതും പ്രേക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്ന ഒരു വാർത്ത തന്നെയാണ്.

കഴിഞ്ഞ രണ്ട് സീസണുകളും ചെന്നൈ സെറ്റിലായിരുന്നു നടന്നത്. ഈ രണ്ട് സീസണുകളെയും കോവിഡ് പ്രതിസന്ധി കാര്യമായി ബാധിക്കുകയും ചെയ്തു. നാലാം സീസൺ നടക്കുന്ന മുംബൈ സെറ്റിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്. മലയാളം ബിഗ്ഗ്‌ബോസ് എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ പൂർണ്ണമായും ഇന്റർനാഷണൽ ലെവൽ സെറ്റാണ് ഒരുങ്ങിയിരിക്കുന്നത്. മറാട്ടി ബിഗ്ഗ്‌ബോസിന്റെ സെറ്റാണ് ബിഗ്ഗ്‌ബോസ് മലയാളത്തിനായി നവീകരിച്ചെടുത്തിരിക്കുന്നതെന്നും വാർത്തകളുണ്ട്.

അതേ സമയം ഇന്നാരംഭിക്കുന്ന ബിഗ്ഗ്‌ബോസ് മലയാളത്തിൽ ആരൊക്കെയായും മത്സരാർത്ഥികൾ എന്നതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ഇനിയും ചർച്ചകൾ കൊഴുക്കുകയാണ്. കഴിഞ്ഞ തവണയെല്ലാം ക്വാറന്റീൻ ഉണ്ടായിരുന്നത് കൊണ്ട് മത്സരാർത്ഥികൾ ആരൊക്കെ എന്നതിനെപ്പറ്റി വ്യക്തമായ ചിത്രം ലോഞ്ച് എപ്പിസോഡിന് മുന്നേ പ്രേക്ഷകർക്ക് ലഭിച്ചിരുന്നു. ഇത്തവണ ഏകദേശം ഉറപ്പിക്കാവുന്ന പേരുകൾ സൂരജ് തേലക്കാട്, കുട്ടി അഖിൽ, അപർണ മൾബറി, ലക്ഷ്മിപ്രിയ, നവീൻ അറക്കൽ, ഡെയ്‌സി ഡേവിഡ്, നിമിഷ ബൈജു, റോൻസൺ വിൻസന്റ്, സുചിത്ര നായർ, ജാനകി സുധീർ, അനീഷ് രവി എന്നിവരുടേതാണ്.

കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങളുമായാണ് ബിഗ്ഗ്‌ബോസ് മലയാളം ഇത്തവണ വരുന്നതെന്ന് ഷോയുടെ അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കിയിരുന്നു. മത്സരാർത്ഥികളുടെ ജീവിതകഥയും യൂത്ത് ഫെസ്റ്റിവൽ ടാസ്‌ക്കും ഞങ്ങൾക്ക് വേണ്ടെന്ന് ബിഗ്ഗ്‌ബോസ് ആരാധകരും പറഞ്ഞു കഴിഞ്ഞിരിക്കുകയാണ്. എന്താണെങ്കിലും മലയാളം ടെലിവിഷനിൽ ഇത് ഒരു അങ്കത്തിന്റെ തുടക്കമാണ്. ഇനിയുള്ള നാളുകൾ മത്സരാർത്ഥികളുടെ ആരാധകരും ആർമിഗ്രൂപ്പുകളും ആഘോഷമാക്കും.