എഴുപത്തിന്റെ നിറവിൽ മമ്മൂക്ക.. ആശംസകളറിയിച്ച് സിനിമാലോകവും ആരാധകരും..

മലയാള സിനിമയിൽ ഇപ്പോഴും മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാലേ മറ്റൊരു നടന് സ്ഥാനമുള്ളൂ. മലയാള സിനിമയുടെ രണ്ടു നെടും തൂണുകളാണ് ഈ താര രാജാക്കന്മാർ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവമായി അഭിനയ രംഗത്തുള്ള മമ്മൂട്ടി ഇന്ന് തന്റെ എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമാലോകവും ആരാധകരും നിരവധി ആശംസകളാണ് ഇദ്ദേഹത്തിന് ഇപ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്നത്.

1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. ഒരു സാധാരണ മുസ്ലീം കുടുംബമായിരുന്നു മമ്മൂട്ടിയുടേത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

‘വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്, തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറി. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് മമ്മൂട്ടി എന്ന മലയാളികളുടെ സ്വന്തം മമ്മൂക്ക ശ്രദ്ധേയനായത്.


എഴുപത്തിന്റെ നിറവിലും അദ്ദേഹം ഇപ്പോഴും തന്റെ ചെറുപ്പം നിലനിർത്തുന്നതിൽ ആരാധകർക്കും യുവതാരങ്ങൾക്കും ഒരു അത്ഭുതം തന്നെയാണ്. ട്രെൻഡിങിനൊപ്പം അദ്ദേഹവും യുവാക്കളുടെ ഒപ്പം, ഒരുപക്ഷെ അവരെക്കാൾ മുൻപതിയിൽ പോയികൊണ്ടിരിക്കുകയാണ്.

മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചലച്ചിത്ര നടൻ ദുൽക്കർ സൽമാൻ, സുറുമി എന്നിവർ മക്കളാണ്. മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്.