സോഷ്യൽ മീഡിയയിൽ വീണ്ടും ‘രതിപുഷ്പ’ തരംഗം; കോളേജിനെ ഇളക്കിമറിച്ച റംസാന്റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ‘ഭീഷ്മ പർവ്വം’. തിയ്യറ്ററിൽ റിലീസ് ചെയ്ത ചിത്രം, മികച്ച പ്രതികരണം നേടിയതോടെ ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയമാവുകയും, 100 കോടി ക്ലബ്ബിലേക്കുള്ള പ്രയാണം തുടരുകയുമാണ്. മമ്മൂട്ടി ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതും ശ്രദ്ധേയമായി.

സുശിൻ ശ്യാം ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുശിൻ സംഗീതം നൽകി ഉണ്ണി മേനോൻ ആലപിച്ച ‘രതിപുഷ്പം..’ എന്ന ഗാനം ഒരു സമയത്ത് യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതായിരുന്നു. പ്രേക്ഷകർ ഗാനം ഏറ്റെടുത്തതിനൊപ്പം, ഗാനരംഗത്തിലെ റംസാന്റെ നൃത്തച്ചുവടുകളും ശ്രദ്ധേയമായിരുന്നു. ‘പുരുഷന്മാർക്കും ഐറ്റം സോങ് കളിക്കാം എന്ന് റംസാൻ കാണിച്ചു തന്നു’ തുടങ്ങിയ കമന്റുകളുമായി ഗാനവും റംസാന്റെ ഡാൻസും വൈറലായി.

ഇപ്പോഴിതാ, വീണ്ടും ഈ നൃത്തച്ചുവടുകളുമായി റംസാൻ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. സാക്രെഡ് ഹാർട്ട്‌ കോളേജിലെ യൂണിയൻ പരിപാടിക്ക് അതിഥിയായി എത്തിയ റംസാനോട്‌, വിദ്യാർത്ഥികൾ രതിപുഷ്പ്പത്തിലെ നൃത്തച്ചുവടുകൾ വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. യാതൊരു മടിയും കൂടാതെ റംസാൻ ഓപ്പൺ സ്റ്റേജിൽ ഡാൻസ് ചെയ്യുകയും, കോളേജ് ഇളക്കി മറിക്കുകയും ചെയ്തു.

കോളേജിലെ വിദ്യാർത്ഥികൾ റംസാന്റെ നൃത്തം ആസ്വദിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. നിമിഷനേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. അമൽ നീരദ് പ്രോഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെ നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ 82 കോടി രൂപ ബോക്സ്‌ ഓഫീസ് കളക്ഷൻ നേടി എന്ന് റിപ്പോർട്ടുകൾ ഉണ്ട്.